Friday, August 29, 2008

മായ്ച്ചുകളയാത്ത തെരുവിലെ മഴക്കാലംപെയ്തുതോരാത്ത ഒരു മഴക്കാലത്താണ് ഞാന്‍ ‘മഹാനദി’ എന്ന സിനിമ കാണുന്നത്. കല്‍ക്കത്തയിലെ ഇടുങ്ങിയ തെരുവുകളില്‍ നിറം മങ്ങിയ ഫ്രോക്കുകളിട്ട കുഞ്ഞുങ്ങളെ വില്പനയ്ക്കു വെയ്ക്കുന്ന ദൃശ്യങ്ങള്‍ മനസ്സിനെ വീണ്ടും വീണ്ടും മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിലൂടെ മകളെ തിരഞ്ഞു നടക്കുന്ന കമലഹാസന്റെ മുഖം ‘പുന്നകൈ മന്നനി‘ലും,‘കാതല്‍ പരിശി’ലും കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. “എന്നെ തനിച്ചു വിട്..” എന്ന് ഉറക്കത്തില്‍ ഞെട്ടിയുണരുന്ന ചെറിയ പെണ്‍കുട്ടി കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കുകയാണ്…
മഴ വഴിമാറുമെന്ന പ്രതീക്ഷയോടെ തിയേറ്ററിന്റെ വരാന്തയില്‍ ഏറെനേരം തണുത്തുനിന്ന ശേഷമാണ് നിരത്തിലേക്കിറങ്ങിയത്. ജീവിക്കാന്‍ വേണ്ടി കാര്യമായ തൊഴിലുകളൊന്നും എടുത്തു തുടങ്ങാത്ത കാലമായിരുന്നു അത്. കുറച്ചുമാത്രം ദിവസങ്ങള്‍ പട്ടണത്തിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ സെയിസ് മാനായി നിന്നു.രാവിലെ എട്ടുമണിക്ക് കട തുറക്കും. വൈകിട്ട് ഒമ്പതു മണിവരെയാണ് ജോലി സമയം.പ്രത്യക്ഷത്തില്‍ കാര്യമായ പണികളൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു നേര്. എന്നാല്‍ നിരത്തി വെച്ചിരിക്കുന്ന മേശകളും, കസേരകളും, ടീപ്പോയികളും, സോഫകളും, കടയുടമയുടെ ആഹ്ലാദത്തിനു വേണ്ടി എനിക്ക് ഒരു ദിവസത്തില്‍ പലതവണ തുടച്ചു വെയ്ക്കേണ്ടി വന്നു. ജോലിക്കിടയില്‍ ഒരു തവണ മാത്രം അനുവദിക്കപ്പെട്ടിരുന്ന ചായ ആറ്റിക്കുടിക്കുമ്പോള്‍ അനുഭവിച്ചിരുന്ന ആഹ്ലാദത്തിന്റെ വെയിലടയാളങ്ങള്‍ എന്നിലിപ്പോഴും പൊള്ളി നില്‍ക്കുന്നുണ്ട്.
മഴ വഴിമാറിയപ്പോള്‍വിശപ്പ് ശക്തമായി വന്നു. കയ്യില് കാര്യമായൊന്നുമില്ല. ഒരു ചായക്കുള്ള പൈസ മാത്രമുണ്ട്. ചായകുടിക്കുകയാണെങ്കില്‍ വീട്ടിലേക്ക് നടന്നു പോകേണ്ടി വരും. ചളി നിറഞ്ഞ കൈപ്പാടുകള്‍ക്കിടയിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നതായിരുന്നു ഒരാശ്വാസം. തിയേറ്ററിനടുത്ത തട്ടുകടയില് സാമാന്യം നല്ല തിരക്കുണ്ട്. കണ്ണാടിച്ചില്ലുകളില്‍ കൂട്ടിയിട്ടിരിക്കുന്ന പലഹാരങ്ങളിലേക്ക് നിരാശയോടെ ഞാന്‍ എത്തിനോക്കി. കയ്യിലുള്ള ചില്ലറത്തുട്ടുകള്‍ നല്‍കി ഞാന്‍ ചായക്ക് വിളിച്ചു പറഞ്ഞു. ചായ ഊതിക്കുടിക്കുന്നതിനിടയിലാണ് കീറിയ കുപ്പായമിട്ട രണ്ടു കുട്ടികള്‍ തട്ടുകടയ്ക്കരികിലേക്കു വന്നത്.ഏതാണ്ട് പത്തു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഓരാണ്‍കുട്ടിയും, ആതിനേക്കാള്‍ ചെറുതെന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമായിരുന്നു അതെന്ന് ഞാന്‍ കണ്ടു. സൊനാഗഞ്ചില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ബാലവേശ്യകള്‍ക്കൊന്നിന് അവളുടെ മുഖമാണെന്ന് ഞാന്‍ ഞെട്ടലോടെ ഓര്‍ത്തു.ഒരപ്പം താ എന്ന് യാചിക്കുന്ന ആ പയ്യന്റെ മുഖത്തേക്ക് തട്ടുകടക്കാരന്‍ തിളയ്ക്കുന്ന വെള്ളം വലിച്ചെറിയുന്നത് കണ്ട് എന്റെ മനസ്സുതിളച്ചു.കൈപ്പാടിനരികിലെ തുണിമറകള്‍ക്കൊണ്ടുണ്ടാക്കിയ വീട്ടുമുറ്റത്തു നിന്ന് കീരിയെ ചുട്ടുതുന്ന് വിശപ്പടക്കുന്ന ഏതെങ്കിലും ഒരു കറുത്ത തമിഴത്തിയുടെ മക്കളായിരിക്കും ഇവര്‍. പിടിച്ചെടുക്കാന്‍ മൊബൈല്‍ ക്യാമറകളോ ,ആകാശത്തിലൂടെ ലോകം മുഴുവന്‍ ആഘോഷിക്കാന്‍ ടി.വി ചാനലുകളോ ഇല്ലാതിരുന്ന ഒരു കാലത്ത് മനുഷ്യത്വം വാങ്ങിക്കൊടുക്കാമായിരുന്ന ഒരു ഗ്ലാസ്സ് ചായയിലായിരുന്നു. എന്നിട്ടും അതാരും ചെയ്തില്ലല്ലോ?
മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ?
വിശക്കുമ്പോള്‍ എലികളെയും കീരികളെയും കൊന്നുതിന്നുന്നതിനിടയില്‍ മുഖത്തേറ്റ പൊള്ളല്‍ ഓര്‍മിക്കുമോ?

Wednesday, August 27, 2008

എന്റെ പുതിയ പുസ്തകം

പ്രിയപ്പെട്ടവരേ എന്റെ രണ്ടാമത്തെ കവിതാ പുസ്തകം “ചുവന്ന ഷൂസുകളുടെ പകല്‍” സപ്തംബറില്‍ പുറത്തിറങ്ങുകയാണ്. പുസ്തകത്തിന്റെ പ്രകാശനം മലയാളത്തിലെ പ്രമുഖരായ ബ്ലോഗര്‍മാരുടെ ഒരു കൂട്ടായ്മയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കണ്ണൂരില്‍ വെച്ചായിരിക്കും പരിപാടി.
പുസ്തകത്തിന്റെ കവര്‍ ചിത്രം നമ്മുടെ കൂട്ടത്തില്‍ നിന്നുള്ളവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നാണാഗ്രഹം. എന്റെ പുസ്തകം ഇത്തവണയും വയലന്‍സ് നിറഞ്ഞതു തന്നെ. അതിനു പറ്റിയ ചിത്രങ്ങളെന്റെ ഇ-മെയിലില്‍ അയക്കുക.
സസ്നേഹം
mannu9388@gmail.com